പൊതു ഇടങ്ങൾ സുരക്ഷിതമാക്കുന്നതിൽ വിഴ്ചവരുത്തുന്നു
നമ്മുടെ പൊതു ഇടങ്ങൾ
കേരളത്തിൽ റോഡുകളിലും ഫുട്പാത്തുകളിലും വൈദ്യുതി ലൈനുകൾക്ക് സമീപവും പൊതു ഇടങ്ങളിലും അനധികൃതമായി പല കാര്യങ്ങളും സ്ഥാപിക്കുന്നത് വളരെക്കാലമായി തുടരുന്ന ഒരു പ്രശ്നമാണ്.
ഇതിൽ ഉൾപ്പെടുന്നത്:
- ആർച്ചുകളും കമാനങ്ങളും
- ഫ്ലക്സ് ബോർഡുകളും പരസ്യ ബോർഡുകളും
- കൊടി തോരണങ്ങളും
- മത–രാഷ്ട്രീയ സ്ഥാപനങ്ങളുടെ നിർമ്മിതികളും
- ആഘോഷങ്ങൾക്കുള്ള താൽക്കാലിക നിർമ്മിതികളും
2018 മുതൽ ബഹു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ച് ഈ വിഷയത്തിൽ ഇടപെട്ടു. “Visual Pollution” (കാഴ്ച മലിനീകരണം) എന്ന ആശയം അവർ കേരളത്തിന്റെ പൊതുചർച്ചയിലേക്ക് കൊണ്ടുവന്നു. കോടതി ആവർത്തിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും ഇപ്പോഴും നിയമലംഘനം തുടരുകയാണ്.
കോടതിയും സർക്കാരും എന്താണ് പറഞ്ഞത്?
കോടതി വ്യക്തമാക്കിയ കാര്യങ്ങൾ:
- പൊതു ഇടങ്ങൾ ആരുടെയും സ്വകാര്യ സ്വത്തല്ല
- അനുമതിയില്ലാതെ ബോർഡുകൾ, ഫ്ലക്സുകൾ, കൊടികൾ, തോരണങ്ങൾ വെയ്ക്കുന്നത് നിയമവിരുദ്ധം
- ഇവ നീക്കം ചെയ്യാത്ത പക്ഷം ഗ്രാമപഞ്ചായത്ത്/നഗരസഭ സെക്രട്ടറിമാർക്ക് വ്യക്തിപരമായി ഉത്തരവാദിത്തം വരും
2010 മുതലേ സർക്കാർ ഇത്തരം അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു.
12.12.2024 ലെ LSGD സർക്കുലർ (RC1/262/2022-LSGD) പറയുന്നത്:
- ഓരോ അനധികൃത നിർമ്മിതിക്കും ₹5000 വരെ പിഴ ചുമത്താം
- ഇവ നീക്കം ചെയ്യാത്തത് സെക്രട്ടറിയുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്
- FIR രജിസ്റ്റർ ചെയ്യണം
- പ്രിന്റിംഗ് പ്രസ്സിനും പരസ്യ ഏജൻസിക്കും എതിരെയും നടപടി എടുക്കണം
ബഹു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ച് പറഞ്ഞത്:
WP(C) No. 22750/2018 ഉൾപ്പെടെയുള്ള കേസുകളിൽ കോടതി വ്യക്തമാക്കി:
- നിയമവിരുദ്ധമായ ബോർഡുകളും കൊടികളും കാഴ്ച മലിനീകരണം സൃഷ്ടിക്കുന്നു
- രാഷ്ട്രീയ പാർട്ടികളോ മത സംഘടനകളോ സർക്കാർ ഏജൻസികളോ ആയാലും എല്ലാവരും നിയമത്തിന് വിധേയരാണ്
- ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിയമത്തോടുള്ള ബഹുമാനമാണ്
- സർക്കാർ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണം
മതാവകാശവും പൊതു ഭൂമിയും
Plantation Corporation of Kerala Ltd v. State of Kerala (WP(C) No. 34919/2016) കേസിൽ കോടതി വ്യക്തമാക്കി: മതാവകാശം എന്നത് സർക്കാർ ഭൂമി കൈയ്യേറാനുള്ള അവകാശമല്ല. സർക്കാർ ഭൂമിയിൽ മത നിർമ്മിതികൾ അനുവദിക്കാൻ പാടില്ല.
Kerala Public Ways Act, 2011 – എന്താണ് നിയമം?
Kerala Public Ways (Restriction of Assemblies and Processions) Act, 2011 (Act 9 of 2011) പ്രകാരം:
- പൊതു വഴികളിൽ തടസ്സം സൃഷ്ടിക്കുന്നത് നിരോധിച്ചിരിക്കുന്നു (Section 4)
- ഫുട്പാത്ത്, റോഡ്, റോഡ് മാർജിൻ എന്നിവയിൽ കൈയ്യേറുന്നത് കുറ്റകരമാണ്
- District Police Chief-ന്റെ ലൈസൻസ് ഇല്ലാതെ procession ഒന്നും നടത്താൻ പാടില്ല (Section 5)
- ലംഘിച്ചാൽ: 1 വർഷം വരെ ജയിൽ ശിക്ഷയും പിഴയും ലഭിക്കാം (Section 6)
പോലീസ് സർക്കുലറുകൾ:
Police Circular No. 30/2011 (തീയതി: 23.09.2011):
- പൊതു വഴിയിൽ എന്തെങ്കിലും structure സ്ഥാപിക്കണമെങ്കിൽ ബന്ധപ്പെട്ട വകുപ്പിന്റെ രേഖാമൂലമായ അനുമതി നിർബന്ധമാണ്
Police Circular No. 09/2020 (തീയതി: 10.02.2020):
- SHO-കൾ (Station House Officers) ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പാക്കണം
- നിയമവിരുദ്ധമായ ബോർഡുകൾ/ബാനറുകൾ/കൊടികൾ “public nuisance” (പൊതു ശല്യം) ആണ്
ശബ്ദമലിനീകരണം – നമ്മുടെ ആരോഗ്യത്തിന് ഭീഷണി
ശബ്ദമലിനീകരണം ഒരു സാമൂഹിക പ്രശ്നം മാത്രമല്ല – അത് പൊതുജനാരോഗ്യ പ്രശ്നമാണ്. Public order, public morality, public health എന്നിവയ്ക്ക് വിരുദ്ധമായ എല്ലാ പ്രവർത്തനവും ക്രമസമാധാന പ്രശ്നവും പോലീസ് കാര്യവുമാണ്.
നിയമം എന്താണ് പറയുന്നത്:
- സ്വന്തം സ്ഥലത്തിന് പുറത്തേക്ക് ശബ്ദം പോകുന്നത് തന്നെ കുറ്റകരമാണ്
- ഉച്ചഭാഷിണി ഉപയോഗ അനുമതി എടുത്താലും പുറത്തേക്ക് ശബ്ദം പ്രക്ഷേപണം ചെയ്യാൻ അനുമതി ഇല്ല
- സ്വന്തം സ്ഥലത്തിനുള്ളിൽ അവിടെയിരിക്കുന്നവർക്ക് കേൾക്കാൻ മാത്രമാണ്
- രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ലംഘിച്ചാൽ: 5 വർഷം വരെ തടവോ 1 ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന പരിസ്ഥിതി നിയമ ലംഘനമാണ്
പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 51A(g) പ്രകാരം ഓരോ പൗരന്റെയും അടിസ്ഥാന കടമയാണ്.
പടക്കം – വളരെ ഗൗരവമുള്ള കാര്യം
പുറ്റിംഗൽ ദുരന്തത്തിന് ശേഷം ജില്ലാ മജിസ്ട്രേറ്റ് പടക്കപ്രദർശന ലൈസൻസ് കൊടുക്കുന്നതിൽ കർശനമായ നിയന്ത്രണം ഉണ്ട്. കൊല്ലം ജില്ലയൽ അനുമതി നൽകുന്നേയില്ല. പടക്കം വാങ്ങാനോ പൊട്ടിക്കാനോ പാടില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- പടക്ക ശബ്ദവും സ്വന്തം സ്ഥലത്തിനുള്ളിൽ തന്നെ നിൽക്കണം – ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം ഇതിനും ബാധകമാണ്
- അനുമതിയില്ലാതെ പടക്കം പൊട്ടിക്കുന്നത് വളരെ ഗുരുതരമായ കുറ്റമാണ്
- Explosives Act, Explosive Substances Act പ്രകാരം 3 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം
- പടക്കം കൈവശം വച്ചാൽ പോലും കുറ്റമാണ്
- ആൾപായം ഉണ്ടായാൽ ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാം
വൈദ്യുതി സുരക്ഷ – ജീവൻ വിലപ്പെട്ടതാണ്
ഭയപ്പെടുത്തുന്ന കണക്കുകൾ:
- കേരളത്തിൽ കഴിഞ്ഞ വർഷം ആഘോഷ വേളകളിൽലെ വൈദ്യുതാഘാതം ഏറ്റ് 100-ൽ അധികം പേർ മരിച്ചു
- കൊല്ലം ജില്ലയിൽ മാത്രം 10-ൽ അധികം
- ഈ വർഷത്തെ ആദ്യത്തെ ആഘോഷ വൈദ്യുതി അപകട മരണം കൊല്ലം ജില്ലയിലെ പുത്തൂരിൽ സംഭവിച്ചു കഴിഞ്ഞു
- മരിച്ചത് ഒരു ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളിയാണ് – ഇലക്ട്രിക് പോസ്റ്റിൽ കയറി സുരക്ഷ പാലിക്കാതെ പ്രവർത്തിച്ചപ്പോൾ ഷോക്കേറ്റ് മരണപ്പെട്ടത്
നിയമപരമായ കാര്യങ്ങൾ:
- സ്വന്തം സ്ഥലത്തിന് പുറത്തേക്ക് വൈദ്യുതി വയറുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ് – ആഘോഷ വേളകളിലും ഇത് ബാധകം
- ഇലക്ട്രിക് പോസ്റ്റിൽ കയറിയാൽ 3 വർഷം തടവ് കിട്ടാവുന്ന ഗുരുതരമായ കുറ്റമാണ്
- അങ്ങനെ കയറി സുരക്ഷ പാലിക്കാതെ പ്രവർത്തിച്ച് മരിച്ചാൽ: ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല, സർക്കാർ സഹായം കിട്ടില്ല, മരണപ്പെട്ടയാൾക്കെതിരെ തന്നെ കേസ് വരാനുള്ള സാധ്യത ഏറെയാണ്
നിർബന്ധമായും പാലിക്കേണ്ട നിയമങ്ങൾ:
- അതോറിറ്റിയുടെ അനുമതി ഇല്ലാതെ താത്കാലിക കണക്ഷൻ എടുക്കരുത്. അത് വൈദ്യുതി മോഷണത്തിൽ വരുന്നതാണ്.
- Electrical Inspector-ന്റെ മുൻകൂർ അനുമതി നിർബന്ധം
- RCCB/ELCB ഘടിപ്പിക്കണം (ഇത് നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം)
- ലൈസൻസുള്ള കോൺട്രാക്ടർ മാത്രം താൽക്കാലിക വയറിംഗ് ജോലി ചെയ്യണം
- വൈദ്യുതി ലൈനുകളിൽ നിന്നും നിയമപരമായ അകലം പാലിക്കുന്ന നിർമ്മിതികൾ മാത്രനിർമ്മിക്കണം
- ലോഹ നിർമ്മിതികളിൽ വൈദ്യുതി സ്താപനങ്ങൾ നടത്തുന്നതിന് മന്പ് മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം
- മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷൻ എടുക്കരുത്, വയർ ജോയിന്റുകൾ ശരിയായി ഇൻസുലേറ്റ് ചെയ്യണം
- BIS സ്റ്റാൻഡേർഡ് ഉള്ള വാട്ടർ പ്രൂഫ് വൈദ്യുത വയറുകളും ഉപകരണങ്ങളും മാത്രം ഉപയോഗിക്കണം
- വൈദ്യുതി ലൈനുകൾക്ക് സമീപം ആന എഴുന്നള്ളിപ്പ്/കെട്ടുകാഴ്ച നിയമപരമായ അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം
- ഘോഷയാത്രകൾക്ക് പ്രൊട്ടസ്റ്റ് ആക്ട പ്രകാരമുള്ള അനുമതി നേടണം
- വൈദ്യുതി അവശ്യ സർവീസ് ആയതിനാൽ തടസ്സപ്പെടുത്തുന്നത് കുറ്റകരമാണ്
- വൈദ്യുതി ലൈനുകൾക്ക് സമീപം കരിമരുന്ന് പ്രയോഗം നടത്തരുത്
- പൊതു ഇടങ്ങൾ അതാത് അതോറിറ്റിയുടെ അനുമതി ഉറപ്പാക്കി മാത്രം ഉപയോഗിക്കണം
- ജനറേറ്റർ ഉപയോഗിക്കുന്നതിന് മുമ്പ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി നേടണം
ഓർക്കുക: നിയമം പാലിക്കാത്തത് വെറും അപകടം മാത്രമല്ല – ക്രിമിനൽ കുറ്റവുമാണ്.
ഗ്രാമപഞ്ചായത്തിനോടും സെക്രട്ടറിയോടും
കേരളം മുഴുവൻ വിവിധ സംഘടനകളിലെ ആക്ടിവിസ്റ്റുകൾ കൂട്ടായി ഈ വിഷയം ഏറ്റെടുത്തുകഴിഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ ഈ പരാതികൾ നിരന്തരം നടന്നു വരുന്നു.
ചില പഞ്ചായത്തുകളും സെക്രട്ടറിമാരും പരാതിക്കാരനെ നേരിടാൻ തെറ്റായ ഇടപെടലുകൾ നടത്തുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ് എന്ന് ഓർമ്മപ്പെടുത്തുന്നു. പരാതിക്കാരനെ എക്സ്പോസ് ചെയ്ത് സംഘർഷം സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിച്ചുകളയാം എന്ന രീതിയിലുള്ള നടപടികൾ കോടതിയലക്ഷ്യമാണ്. പരാതിക്കാരെ എക്സ്പോസ് ചെയ്യരുത് എന്ന സംസ്ഥാന ഉത്തരവുകളുടെയും സ്ഥാന പോലീസ് മേധാവിയുടെയും ഉത്തരവിന്റെ ലംഘനവുമാണ്. അധികാര സ്ഥാനത്തിരുന്നുകൊണ്ട് ഭരണഘടനാപരമായി തന്നെ നിൽക്കേണ്ടത് അനിവാര്യമാണ്.
നൽകിയ പരാതികളിൽ ശ്രദ്ധയിൽ പെട്ട ചിത്രങ്ങൾ സഹിതം വ്യക്തവും കൃത്യവുമായ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു:
- സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന പൊതു ഇട ആർച്ചുകൾ
- സ്ഥിരമായി സ്ഥാപിച്ചിരുന്ന ബോർഡുകൾ
- ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ പാലിക്കാതെ സ്ഥാപിക്കുന്നതും വൈദ്യുതി ലൈനിന് സമീപത്തുള്ളതുമായ ആർച്ചുകൾ, നിർമ്മിതികൾ, ഫ്ലക്സ് ബോഡുകൾ
ഇലക്ഷൻ സമയത്തെ സംഭവങ്ങൾ:
ഈ വിഷയം ഇലക്ഷൻ സമയത്ത് വളരെ ഗൗരവതരമായി. Election Code of Conduct ഇതിൽ ഉൾപ്പെടുത്തി. Election Commission വളരെ ശ്രദ്ധയോടെ ഇടപെട്ടു. കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പക്ഷേ എന്താണ് സംഭവിച്ചത്? Election Commission Squad അംഗങ്ങൾ അഴിച്ചുമാറ്റിയതും പിടിച്ചെടുത്തതുമായ നിരോധിത പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകൾ അതേ സ്ഥലത്ത് നിരന്തരം തിരികെ സ്ഥാപിച്ചു!
ഇതുകൊണ്ട്:
- കേരളം മുഴുവൻ കാമ്പയിൻ നടത്തി
- ഫ്ലക്സ് പ്രിന്റിംഗ് സ്ഥാപനങ്ങളിൽ പരിശോധന നടത്തണമെന്ന് Election Commission-നും അധികാരികൾക്കും കത്ത് നൽകി
- പ്രദേശത്തെ പ്രധാന പ്രിന്റിംഗ് പ്രസ്സിനും പരസ്യ ഏജൻസികളുടെ പേര് സഹിതം വിശദാംശങ്ങൾ നൽകി
വ്യക്തമായ നിലപാട് – പഞ്ചായത്തിന് ആശയക്കുഴപ്പം വേണ്ട
ശ്രദ്ധിക്കുക: കടകളുടെ മുന്നിലെ മാറ്റാവുന്ന ബോർഡുകൾ നീക്കം ചെയ്യൽ അല്ല പരാതി വിഷയം എന്ന് ഒരിക്കൽ കൂടി വായിച്ച് ഉറപ്പുവരുത്തുക. അത് അവരോട് കർശനമായി പറഞ്ഞാൽ എടുത്തു മാറ്റിക്കോളും.
യഥാർത്ഥ വിഷയം: പൊതു ഇടം സ്ഥിരമായി കൈയ്യേറുന്ന നിർമ്മിതികൾ. കോടതി ഉത്തരവുകളും സർക്കാർ സർക്കുലറുകളും എല്ലാം നിലവിലുണ്ട്. എന്നിട്ടും കച്ചവടക്കാരെ തിരഞ്ഞെടുത്ത് മാത്രം നടപടി എടുക്കുന്നത് നിയമത്തിന്റെ ആത്മാവിനോട് ചെയ്യുന്ന അനീതിയാണ്.
ഗ്രാമപഞ്ചായത്ത് പാവപ്പെട്ട കച്ചവടക്കാരെ മറയാക്കി കളിക്കരുത്:
- നിയമം നടപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്
- പാവപ്പെട്ട കച്ചവടക്കാരെ മുൻനിർത്തി യഥാർത്ഥ നിയമലംഘനങ്ങളെ മറയ്ക്കാൻ പാടില്ല
- മേൽ പറഞ്ഞിരിക്കുന്ന ഉത്തരവുകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഏതൊക്കെയാണ് അനധികൃതം എന്ന്. കോടതി പറഞ്ഞതാണ്. ബഹു കോടതിയെ മാനിക്കണം.
നമ്മുടെ പ്രതിജ്ഞാബദ്ധത
പൊതു ഇടങ്ങൾ സുരക്ഷിതവും ശാന്തവുമായിരിക്കണം. നിയമം എല്ലാവർക്കും ഒരുപോലെയാണ്. പൊതു ഇടങ്ങൾ സുരക്ഷിതവും ശാന്തവുമായി സൂക്ഷിക്കേണ്ടത് നമ്മുടെ പൗരാവകാശവും കടമയുമാണ്. ഇത് നിർവഹിക്കാൻ ലക്ഷക്കണക്കിന് കേരളത്തിലെ യുവാക്കൾക്കൊപ്പം ഞാൻ പ്രവർത്തിക്കുന്നു.
നിങ്ങൾക്കുള്ള ഓപ്ഷനുകൾ:
നിങ്ങളിൽ ആർക്ക് വേണമെങ്കിലും:
- കൂടെ വന്ന് ചേരാം
- എതിർ ചേരിയിൽ പോയി നിന്ന് നിയമലംഘനം തുടരാം
തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്.
ഭാവി തലമുറയ്ക്ക് വേണ്ടി:
നാളെ ശാന്തവും സുരക്ഷിതവുമായ ഒരു ലോകം ഉണ്ടാകണം. അടുത്ത തലമുറയ്ക്ക് ഇവിടെ ശാന്തമായ ഒരു ലോകം സൃഷ്ടിച്ച് കൊടുക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.
കുറ്റകരമായി നിൽക്കുന്നവരോട്:
- കേസിൽ പ്രതിയായി ശിക്ഷയും ജീവിതവും ബുദ്ധിമുട്ടിലാക്കാതിരിക്കാൻ അഭ്യർത്ഥിക്കുന്നു
- നിയമം പാലിക്കുന്നവർക്കൊപ്പവും അതിന് തയ്യാറാകുന്ന അധികാരികൾക്കൊപ്പവും നിൽക്കാൻ ഞങ്ങൾ തയ്യാറാണ്
- നിയമലംഘനത്തെ പിന്തുണയ്ക്കാനാവില്ല
ഇന്ത്യൻ ഭരണഘടനാധിഷ്ഠിത നിയമങ്ങൾ പരിപാലിക്കുന്നതിൽ തികഞ്ഞ ഉത്തരവാദിത്തം പുലർത്തി മുന്നോട്ട് പോകും എന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട്.
നിയമ റഫറൻസുകൾ
കേരള ഹൈക്കോടതി ഉത്തരവുകൾ:
- WP(C) No. 1671/2021 – വിധികൾ: 02.12.2021, 22.06.2022, 07.07.2022
- WP(C) Nos. 22750/2018, 25784/2018, 42574/2018 & 27642/2021 – വിധികൾ: 22.03.2022, 19.10.2022, 08.06.2023, 16.10.2024, 04.12.2024
- WP(C) No. 34919/2016 (Plantation Corporation of Kerala Ltd v. State of Kerala) – വിധി: 27.05.2024 (സർക്കാർ ഭൂമിയിൽ മത നിർമ്മിതികൾ നീക്കം ചെയ്യൽ സംബന്ധിച്ച്)
സർക്കാർ ഉത്തരവുകളും സർക്കുലറുകളും:
- RC1/262/2022-LSGD – തീയതി: 12.12.2024 (അനധികൃത ഫ്ലക്സ്, ബോർഡുകൾ നീക്കം ചെയ്യൽ – പിഴ ₹5000)
- RC2/315/2022-LSGD – തീയതി: 02.08.2022
- G.O (Rt) No. 3075/2022/LSGD – തീയതി: 12.12.2022
- G.O (Rt) No. 1173/2023/LSGD – തീയതി: 06.06.2023
- മുഖ്യമന്ത്രി അധ്യക്ഷതയിൽ സർവകക്ഷി യോഗങ്ങൾ: 20.03.2022, 14.12.2022
നിയമങ്ങൾ:
- Kerala Public Ways (Restriction of Assemblies and Processions) Act, 2011 (Act 9 of 2011) – Section 4 (തടസ്സം നിരോധനം), Section 5 (ലൈസൻസ് ആവശ്യകത), Section 6 (ശിക്ഷ: 1 വർഷം വരെ തടവ് + പിഴ)
- Explosives Act & Explosive Substances Act – (3 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ)
- ഇന്ത്യൻ ഭരണഘടന Article 51A(g) – പരിസ്ഥിതി സംരക്ഷണം (അടിസ്ഥാന കടമ)
പോലീസ് സർക്കുലറുകൾ:
- Police Circular No. 30/2011 – തീയതി: 23.09.2011 (പൊതു വഴിയിൽ structure സ്ഥാപിക്കൽ – വകുപ്പ് അനുമതി നിർബന്ധം)
- Police Circular No. 09/2020 – തീയതി: 10.02.2020 (Illegal boards/banners – public nuisance)
നന്ദി
മനു കൊല്ലം.
![]()