കലോത്സവ വേദികളിലെ ശബ്ദം:

വകുപ്പ് സ്വന്തം ഉത്തരവുകൾ നടപ്പാക്കണം – Silence the Noise

സ്കൂൾ കലോത്സവങ്ങൾക്ക് മുമ്പ് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശബ്ദ നിയന്ത്രണത്തിന് ഏകീകൃത SOP നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം


സ്കൂൾ തലം മുതൽ ഉപജില്ല, റവന്യൂ ജില്ല, സംസ്ഥാന തലം വരെയുള്ള കലോത്സവങ്ങളുടെ കാലം തുടങ്ങുകയാണ്. കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ വേദികളിൽ വർഷങ്ങളായി ആരും ചോദ്യം ചെയ്യാതെ തുടരുന്ന ഒരു നിയമലംഘനമുണ്ട്: സൗണ്ട് സിസ്റ്റങ്ങളിൽ നിന്നുള്ള അനിയന്ത്രിതമായ ശബ്ദം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയമപ്രകാരം നിശ്ശബ്ദ മേഖലകളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശബ്ദനിയന്ത്രണത്തിന് ഏകീകൃത SOP വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ ശുപാർശ ചെയ്തിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സർക്കുലറും പരിസ്ഥിതി വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കത്തുകളും വകുപ്പിന്റെ കൈവശമുണ്ട്. എന്നിട്ടും കലോത്സവ സർക്കുലറുകളിലും മാന്വലുകളിലും ഇവയൊന്നും ഉൾപ്പെടുത്തി കാണുന്നില്ല.

ഈ സാഹചര്യത്തിലാണ് SILENCE the Noise ക്യാമ്പയിൻ വേണ്ടി 2026 ഒക്ടോബർ 16-ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരെ അഭിസംബോധന ചെയ്ത് നിവേദനം ഇ-മെയിൽ വഴി അയച്ചത്. പരിസ്ഥിതി വകുപ്പ് സെക്രട്ടറി, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ബാലാവകാശ സംരക്ഷണ കമ്മീഷൻ, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് പകർപ്പും നൽകിയിട്ടുണ്ട്.

നിവേദനത്തിന്റെ കാതൽ ഇതാണ്: കലോത്സവം തുടങ്ങിയ ശേഷം പരാതി ഉയർന്ന് പരിഹാരം തേടുന്നതിന് പകരം, സർക്കുലർ ഇറക്കുന്ന ഘട്ടത്തിൽ തന്നെ ശബ്ദ നിയന്ത്രണം ഉറപ്പാക്കണം.

നിയമവും ഉത്തരവുകളും

നിവേദനം താഴെ പറയുന്നവയെ അടിസ്ഥാനമാക്കിയുള്ളതാണ്:

  • പരിസ്ഥിതി (സംരക്ഷണ) നിയമം, 1986; ശബ്ദമലിനീകരണ (നിയന്ത്രണവും ക്രമീകരണവും) ചട്ടങ്ങൾ, 2000
  • സുപ്രീം കോടതി വിധികൾ: In Re: Noise Pollution (2005) 5 SCC 733; Church of God v. KKR Majestic Colony Welfare Association (2000) 7 SCC 282
  • പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് നമ്പർ DGE/7524/2026-M4 (07-05-2026)
  • ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സർക്കുലർ HSE/3040/2026-Acd C5 (16-05-2026)
  • പരിസ്ഥിതി വകുപ്പിന്റെ കത്ത് ENVT-A3/52/2025-ENVT (29-05-2026)
  • കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്ത് KSPCB/347/2022-EE3 (24-09-2026)
  • ബാലാവകാശ കമ്മീഷൻറെ ഉത്തരവുകൾ

ശബ്ദമലിനീകരണ ചട്ടങ്ങൾ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവ് നിശ്ശബ്ദ മേഖലയാണ്. പകൽ 50 dB(A), രാത്രി 40 dB(A) എന്നിങ്ങനെയാണ് പരിധി. സുപ്രീം കോടതി വിധി പ്രകാരം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിട്ട ഹാളുകൾ ഒഴികെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാൻ പാടില്ല. കേരള സർക്കാരിന്റെ S.R.O. No. 289/2002 വിജ്ഞാപനവും സംസ്ഥാനത്ത് ഇതേ നിശ്ശബ്ദ മേഖലാ വ്യവസ്ഥ ബാധകമാക്കുന്നു. ഈ നിയമങ്ങൾ സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികൾക്കും ബാധകമാണ്; കലോത്സവങ്ങൾക്ക് മാത്രമായി ഇളവില്ല.

എഴുകോണിലെ സംഭവം നൽകുന്ന പാഠം

സ്വന്തം പരിപാടിയായാലും ശബ്ദചട്ടം ലംഘിച്ചാൽ നടപടി ഉണ്ടാകും. കൊല്ലം റൂറൽ ജില്ലയിലെ എഴുകോൺ ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിലെ വാർഷികാഘോഷത്തിൽ ശബ്ദമലിനീകരണ ചട്ടം ലംഘിച്ചതിന് എഴുകോൺ പോലീസ് ചട്ടം ലംഘനത്തിന് പരിസ്ഥിതി നിയമം 1986 സെക്ഷൻ 15 പ്രകാരമുള്ള കോടതി നടപടി കൊട്ടാരക്കര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വഴി സ്വീകരിച്ചിരുന്നു. സ്വന്തം വാർഷികത്തിന് പോലും ചട്ടം ലംഘിക്കാൻ അനുവാദമില്ലെങ്കിൽ, ആയിരക്കണക്കിന് കുട്ടികളും നാട്ടുകാരും എത്തുന്ന സർക്കാർ പരിപാടിയായ കലോത്സവ വേദികൾക്ക് മാത്രം ഇളവ് പ്രതീക്ഷിക്കാനാവില്ല.

നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ

  1. ഏകീകൃത SOP: കലോത്സവങ്ങൾ തുടങ്ങുംമുമ്പ്, DGE ശുപാർശ, KSPCB നിർദ്ദേശങ്ങൾ, HSE സർക്കുലർ, നിയമവകുപ്പിന്റെ അഭിപ്രായം എന്നിവ ഏകോപിപ്പിച്ച് സമഗ്രമായ SOP പുറപ്പെടുവിക്കുക. സർക്കുലറുകൾ, മാന്വലുകൾ, സംഘാടകർക്കുള്ള നിർദ്ദേശങ്ങൾ, ലൈറ്റ് ആൻഡ് സൗണ്ട് കരാറുകൾ എന്നിവയിൽ ശബ്ദപരിധി, നിരീക്ഷണം, നടപടികൾ എന്നിവ നിർബന്ധ വ്യവസ്ഥകളാക്കണം.
  2. എല്ലാ സ്ഥാപനങ്ങൾക്കും ബാധകം: സംസ്ഥാന സിലബസ് സ്കൂളുകൾക്ക് പുറമെ CBSE, ICSE, കേന്ദ്രീയ വിദ്യാലയങ്ങൾ, എയ്ഡഡ്, അൺ-എയ്ഡഡ് സ്കൂളുകൾ എന്നിവയുടെ കലോത്സവങ്ങൾക്കും, സ്കൂളിന് പുറത്തുള്ള വേദികളിൽ നടത്തുന്ന പരിപാടികൾക്കും ബാധകമാക്കുക.
  3. വേദി തിരഞ്ഞെടുപ്പ്: സമീപത്തെ ആശുപത്രികൾ, വീടുകൾ, നിശ്ശബ്ദ മേഖലകൾ എന്നിവ പരിഗണിച്ച് വേദി നിശ്ചയിക്കുക. സ്ഥാപനങ്ങളുടെ 100 മീറ്റർ പരിധിയിൽ സൈലൻസ് സോൺ ബോർഡുകൾ സ്ഥാപിക്കുക.
  4. ശാസ്ത്രീയ ശബ്ദവിതരണം: വലിയ ശേഷിയുള്ള സിസ്റ്റങ്ങൾ കൊണ്ട് ദൂരേക്ക് ശബ്ദം പരത്തുന്നതിന് പകരം, സദസ്സിന് ആവശ്യമായ ശേഷിയുള്ള ചെറിയ സ്പീക്കറുകൾ മാത്രം ഉപയോഗിക്കുക. വേദിയുടെ അതിർത്തിക്ക് പുറത്ത് പരിധി ലംഘിക്കുന്നില്ലെന്ന് അളന്ന് ഉറപ്പാക്കിയ ശേഷം മാത്രം സൗണ്ട് സിസ്റ്റം പ്രവർത്തിപ്പിക്കാൻ അനുവദിക്കുക.
  5. സൗണ്ട് ലെവൽ ലിമിറ്ററുകൾ: വേദികളിലെ സൗണ്ട് സിസ്റ്റങ്ങളിൽ നിർബന്ധമാക്കുക. മുൻകൂട്ടി നിശ്ചയിച്ച പരിധിയിൽ കാലിബ്രേറ്റ് ചെയ്ത് സീൽ ചെയ്യുകയോ പാസ്‌വേഡ് സംരക്ഷണം ഏർപ്പെടുത്തുകയോ വേണം. പരിധി കവിയുമ്പോൾ സ്വയം നിയന്ത്രിക്കപ്പെടുന്ന സംവിധാനവും വേണം.
  6. നിരോധിത ഉപകരണങ്ങൾ: ഹൈ-ബാസ് സ്പീക്കറുകൾ, DJ സംവിധാനങ്ങൾ, കോളാമ്പി (ഹോൺ/കോൺ) സ്പീക്കറുകൾ എന്നിവ നിയന്ത്രിക്കുക. രൂപം മാറ്റിയോ മറ്റ് പേരിലോ കൊണ്ടുവരുന്ന സമാന ഉപകരണങ്ങൾ വഴി നിയന്ത്രണം മറികടക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഉപകരണങ്ങളുടെ തരം, എണ്ണം, ശേഷി, സ്ഥാനം എന്നിവ പരിപാടിക്ക് മുമ്പ് പരിശോധിച്ച് അംഗീകരിക്കണം.
  7. ലൈറ്റ് ആൻഡ് സൗണ്ട് കരാറുകൾ: ഓപ്പറേറ്റർമാർക്ക് ശബ്ദം വർധിപ്പിക്കാനോ ലിമിറ്ററിൽ മാറ്റം വരുത്താനോ അനുമതിയില്ലാതെ അധിക സ്പീക്കറുകൾ ചേർക്കാനോ കഴിയാത്ത വിധം കരാറിൽ വ്യവസ്ഥ വേണം. ലംഘിച്ചാൽ സിസ്റ്റം നിർത്തിവെക്കാനും നിയമപ്രകാരം തുടർനടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ടാകണം.
  8. പരിശോധനയും നിരീക്ഷണവും: ഓരോ വേദിയിലും കാലിബ്രേറ്റ് ചെയ്ത ഡിജിറ്റൽ സൗണ്ട് ലെവൽ മീറ്റർ ഉപയോഗിച്ച് സദസ്സിലും വേദിയുടെ അതിർത്തിയിലും സമീപപ്രദേശങ്ങളിലും ശബ്ദം അളക്കണം. പരിപാടിക്ക് മുമ്പും മുഴുവൻ സമയത്തും നിരീക്ഷിച്ച് ഫലം രേഖപ്പെടുത്തണം. പരിധി ലംഘിച്ചാൽ ഉടൻ ശബ്ദം കുറയ്ക്കുകയോ സിസ്റ്റം താൽക്കാലികമായി നിർത്തിവെക്കുകയോ വേണം. സാങ്കേതിക സഹായം KSPCB-യുടെ സഹകരണത്തോടെ ഉറപ്പാക്കണം.
  9. വൈദ്യുതി അനുമതി: നൂറിലധികം പേർ പങ്കെടുക്കുന്ന പരിപാടികളിൽ താൽക്കാലിക വൈദ്യുതീകരണത്തിന് HSE സർക്കുലർ പ്രകാരമുള്ള മുൻകൂർ അനുമതിയും പരിശോധനയും പൂർത്തിയാക്കിയ ശേഷം മാത്രം സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുക.
  10. നിരീക്ഷണ സമിതികളും ബോധവൽക്കരണവും: DGE ശുപാർശ പ്രകാരം സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്കും PTA സമിതികൾക്കും ചുമതല നൽകുക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകുക. വിദ്യാഭ്യാസ വകുപ്പ്, KSPCB, പോലീസ്, ജില്ലാ ഭരണകൂടം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവ തമ്മിൽ ഏകോപനം ഉറപ്പാക്കുക.
  11. നടപടികൾ മുൻകൂട്ടി നിർവചിക്കുക: ചട്ടലംഘനം, അനുമതിയില്ലാത്ത ഉപകരണങ്ങൾ, പരിധി മറികടക്കൽ, ലിമിറ്ററിൽ ഇടപെടൽ എന്നിവയിൽ സ്വീകരിക്കേണ്ട നടപടികൾ SOP-യിൽ വ്യക്തമാക്കണം. പരാതി ലഭിക്കുമ്പോഴും പരിശോധനയിൽ ലംഘനം കണ്ടെത്തുമ്പോഴും ബന്ധപ്പെട്ട അധികാരികൾക്ക് ഉടൻ ഇടപെടാൻ കഴിയുന്ന സംവിധാനം വേണം.

അടുത്തത് എന്ത്?

ഈ വർഷത്തെ കലോത്സവ സീസൺ തുടങ്ങുന്നതിന് മുമ്പ് തന്നെ ആവശ്യമായ ഉത്തരവുകളും മുൻകരുതലുകളും നിരീക്ഷണ സംവിധാനങ്ങളും ഉറപ്പാക്കണമെന്നാണ് നിവേദനത്തിലെ അന്തിമ അഭ്യർത്ഥന. സ്വീകരിച്ച നടപടികളും SOP പുറപ്പെടുവിക്കുന്നത് സംബന്ധിച്ച തീരുമാനവും രേഖാമൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ കേൾവിയും പഠനാന്തരീക്ഷവും സമീപവാസികളുടെ സ്വസ്ഥതയും പൊതുജനാരോഗ്യവും സംരക്ഷിച്ചുകൊണ്ടാണ് കലയുടെ ആഘോഷം നടക്കേണ്ടത്. ഇതിൽ വകുപ്പ് സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിച്ച്, ആവശ്യമെങ്കിൽ തുടർ നിയമനടപടികളുമായി SILENCE the Noise മുന്നോട്ടുപോകും.

SILENCEtheNOISE.in

 32 total views,  1 views today