യു.ഡി.എഫ് വാഗ്ദാനവും ഭരണഘടനാ-നിയമ ലംഘനങ്ങളും
തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ബാങ്കുകൾ ലക്ഷ്യമാക്കി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പല വാഗ്ദാനങ്ങളും നിയമത്തിന്റെ മുന്നിൽ വെറും കടലാസുകഷണങ്ങൾ മാത്രമായി ചരിത്രം നമുക്കുമുന്നിലുണ്ട്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) പുറത്തിറക്കിയ പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം, നാം മുന്നോട്ടുവയ്ക്കുന്ന ശാന്തമായ കേരളത്തിന് വിരുദ്ധവുമാണ്. ഇവിടെ ഈ വിഷയം കേരളത്തിലെ പ്രബുദ്ധ ജനങ്ങളെയും ഒരു പ്രത്യേക തൊഴിൽ മേഖലയിലുള്ളവരെയും നിയമത്തിന്റെ അടിസ്ഥാന പാഠങ്ങൾ മറച്ചുവെച്ചുകൊണ്ട് ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ക്ഷേത്രങ്ങളിലും മറ്റു ഉത്സവങ്ങളിലും കലാപരിപാടികൾ അവതരിപ്പിക്കുന്ന കലാകാരന്മാർക്കും മൈക്ക് ഓപ്പറേറ്റർമാർക്കും രാത്രി 10 മണിക്ക് ശേഷം ലൗഡ്സ്പീക്കറുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടെന്നും, ഈ പ്രതിസന്ധി പരിഹരിക്കാൻ നിലവിലുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തി ‘നിയമപരമായ ഇടപെടൽ’ നടത്തുമെന്നുമാണ് യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം.
എന്നാൽ, ഈ വാഗ്ദാനം തെറ്റും തെറ്റിദ്ധരിപ്പിക്കലും, നിലവിലുള്ള നിയമങ്ങളെ വ്യക്തവും കൃത്യവുമായി മനസ്സിലാക്കാത്തതും, സുപ്രീം കോടതി വിധികളുടെയും ഭരണഘടനയുടെയും നഗ്നമായ ലംഘനവുമാണ്.
തെളിവുകളുടെ വിശകലനം: പ്രകടനപത്രികയും പത്രവാർത്തയും
ഈ വാഗ്ദാനത്തിന് പിന്നിലെ വോട്ട് ബാങ്ക് രാഷ്ട്രീയവും പൊള്ളത്തരവും മനസ്സിലാക്കാൻ പ്രധാനമായും രണ്ട് രേഖകളാണ് പരിശോധിക്കേണ്ടത്.
തെളിവ് 1: പ്രകടനപത്രികയിലെ വാഗ്ദാനം
യു.ഡി.എഫ് പ്രകടനപത്രികയിലെ വാചകങ്ങൾ ഇപ്രകാരമാണ്: “ക്ഷേത്രങ്ങളിലും മറ്റു ഉത്സവങ്ങളിലും കലാപരിപാടികൾ അവതരിപ്പിക്കുന്ന കലാകാരന്മാർക്കും, മൈക്ക് ഓപ്പറേറ്റർമാർക്കും രാത്രി 10 മണിക്ക് ശേഷം മൈക്കുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പ്രസ്തുത വ്യവസ്ഥയിൽ മാറ്റം വരുത്തി പ്രതിസന്ധി പരിഹരിക്കാൻ നിയമപരമായ ഇടപെടൽ നടത്തും.”
തെളിവ് 2: മലയാള മനോരമ പത്രവാർത്ത
പ്രകടനപത്രികയിൽ ഈ വാഗ്ദാനം എങ്ങനെ കടന്നുകൂടി എന്ന് മലയാള മനോരമ ദിനപത്രത്തിൽ വന്ന വാർത്ത വ്യക്തമാക്കുന്നു. യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’യുടെ ഭാഗമായി നടന്ന ‘സംവദിക്കാം പുതുയുഗത്തിനായി’ എന്ന പരിപാടിയിൽ പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ഉൾപ്പെടെയുള്ളവരാണ് ഈ വിഷയം ഉന്നയിച്ചത്. ബാറുകൾക്ക് രാത്രി 12 മണി വരെ തുറക്കാൻ അനുമതിയുള്ളപ്പോൾ കലാപരിപാടികൾക്ക് 10 മണി വരെ മാത്രമേ അനുമതിയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പ് നൽകി. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷനുമായും കലാകാരന്മാരുമായും നടത്തിയ ഇത്തരം ചർച്ചകളുടെ അനന്തരഫലമാണ് പ്രകടനപത്രികയിലെ വാഗ്ദാനം.
എന്നാൽ, 10 മണിക്ക് ശേഷം ആഡിറ്റോറിയങ്ങളിൽ പ്രോഗ്രാം നടത്താം എന്ന് ഇതേ നിയമം തന്നെ പറയുന്നുണ്ട്. പ്രധാനമായും, രാത്രി 10 മണിക്ക് ശേഷം ഉച്ഛഭാഷിണി ഉപയോഗം നിയന്ത്രിക്കുന്ന കേന്ദ്ര ചട്ടം ഒരു സംസ്ഥാന സർക്കാരിന് തിരുത്താൻ കഴിയാത്തതാണ്. ഇത് അറിവുള്ളതും നിയമജ്ഞനുമായ പ്രതിപക്ഷ നേതാവ് ഈ പൊള്ളയായ വാഗ്ദാനം നൽകിയത് എന്തുകൊണ്ടാണ് എന്നതാണ് വിരോധാഭാസം.
പരിസ്ഥിതി സംരക്ഷണ നിയമവും വായു മലിനീകരണ (എയർ) ആക്ടും
രാത്രി 10 മണിക്ക് ശേഷമുള്ള മൈക്ക് നിരോധനം കേരള പോലീസോ സംസ്ഥാന സർക്കാരോ സ്വന്തം ഇഷ്ടപ്രകാരം ഉണ്ടാക്കിയ ഒരു ചട്ടമല്ല. ഇന്ത്യയിൽ ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് പ്രധാനമായും കേന്ദ്ര നിയമങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
വായു മലിനീകരണ നിയന്ത്രണ നിയമം (Air Prevention and Control of Pollution Act, 1981) 1987-ൽ ഭേദഗതി ചെയ്ത് ‘ശബ്ദത്തെ’ (Noise) ഒരു പാരിസ്ഥിതിക മലിനീകരണകാരിയായി (environmental pollutant) നിയമപരമായി ഉൾപ്പെടുത്തി. പരിസ്ഥിതി സംരക്ഷണ നിയമം (Environment Protection Act, 1986) അനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2000-ൽ ശബ്ദമലിനീകരണ (നിയന്ത്രണവും ക്രമീകരണവും) ചട്ടങ്ങൾ (Noise Pollution Rules, 2000) വിജ്ഞാപനം ചെയ്തു.
ഈ ചട്ടങ്ങളിലെ റൂൾ 5 (Rule 5) പ്രകാരം രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ ലൗഡ്സ്പീക്കറുകൾ പ്രവർത്തിപ്പിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. അടച്ചുപൂട്ടിയ മുറികൾക്കുള്ളിൽ (auditoria, conference rooms) നടക്കുന്ന പരിപാടികൾക്ക് മാത്രമാണ് ഇളവ് നൽകിയിട്ടുള്ളത്.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളും സംസ്ഥാനത്തിന്റെ നിയമനിർമ്മാണ അധികാരവും
യു.ഡി.എഫിന്റെ വാഗ്ദാനം നിയമപരമായി നിലനിൽക്കുമോ എന്നറിയാൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ അധികാര വിഭജനം — യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻ്റ് ലിസ്റ്റ് — പരിശോധിക്കേണ്ടതുണ്ട്.
‘പരിസ്ഥിതി സംരക്ഷണം’ എന്ന വിഷയം ഈ മൂന്ന് ലിസ്റ്റുകളിലും പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 248 പ്രകാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായ അവശിഷ്ട അധികാരങ്ങൾ (Residuary Powers) ഉപയോഗിച്ചാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട സുപ്രധാന നിയമങ്ങളെല്ലാം കേന്ദ്ര സർക്കാർ നിർമ്മിച്ചിട്ടുള്ളത്.
സ്റ്റേറ്റ് ലിസ്റ്റിലെ ‘പൊതുജനാരോഗ്യം’ എന്ന വിഷയം ഉപയോഗിച്ച് ശബ്ദമലിനീകരണത്തിനെതിരെ സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാമെങ്കിലും, നിലവിലുള്ള ഒരു കേന്ദ്ര നിയമത്തിന് (Central Act) വിരുദ്ധമായി നിയമം പാസ്സാക്കാനോ അതിലെ വ്യവസ്ഥകളിൽ ഇളവ് വരുത്താനോ സംസ്ഥാന സർക്കാരിനോ നിയമസഭയ്ക്കോ യാതൊരു അധികാരവുമില്ല. അതായത്, കേന്ദ്ര നിയമമായ റൂൾ 5-ലെ നിരോധനത്തെ ‘നിയമപരമായ ഇടപെടലിലൂടെ’ മറികടക്കുമെന്ന് ഒരു സംസ്ഥാന തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്യുന്നത് ഭരണഘടനാപരമായി അസാധ്യമാണ്.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും കർശന വിലക്കുകൾ
മൈക്ക് ഉപയോഗം സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠങ്ങൾ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
1. മതപരമായ അവകാശങ്ങൾ മറ്റുള്ളവരെ ശല്യപ്പെടുത്താനല്ല (Church of God Case)
‘ചർച്ച് ഓഫ് ഗോഡ് വേഴ്സസ് കെ.കെ.ആർ മജസ്റ്റിക് കോളനി വെൽഫെയർ അസോസിയേഷൻ’ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയത്, മറ്റുള്ളവരുടെ സമാധാനം കെടുത്തിക്കൊണ്ടോ ലൗഡ്സ്പീക്കറുകൾ ഉപയോഗിച്ചോ ഡ്രം അടിച്ചോ പ്രാർത്ഥനകൾ നടത്തണമെന്ന് ഒരു മതവും അനുശാസിക്കുന്നില്ല എന്നാണ്. മതപരമായ ആചാരങ്ങളുടെ പേരിൽ ശബ്ദമലിനീകരണം ഉണ്ടാക്കാനോ നിയമങ്ങൾ ലംഘിക്കാനോ ആരെയും അനുവദിക്കാനാവില്ല.
2. രാത്രികാലങ്ങളിലെ ഡ്രം/മൈക്ക് നിരോധനം (In Re: Noise Pollution)
2005-ലെ ‘ഇൻ റി: നോയിസ് പൊല്യൂഷൻ’ കേസിൽ സുപ്രീം കോടതി വ്യക്തമാക്കി: അടിയന്തര സാഹചര്യങ്ങളിലൊഴികെ രാത്രി 10 PM മുതൽ 6 AM വരെ ഡ്രം അടിക്കാനോ, കൊമ്പ് ഊതാനോ, വാദ്യോപകരണങ്ങൾ മുഴക്കാനോ, സൗണ്ട് ആംപ്ലിഫയറുകൾ ഉപയോഗിക്കാനോ പാടില്ല. പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ലൗഡ്സ്പീക്കറുകളുടെ ശബ്ദം ആ പ്രദേശത്തെ അനുവദനീയ പരിധിയേക്കാൾ 10 dB(A) കൂടുതലാകാനോ പരമാവധി 75 dB(A) കടക്കാനോ പാടില്ല.
3. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുകൾ
ഈ ഉപകരണങ്ങളിലെല്ലാം ശബ്ദ ലിമിറ്റർ സ്ഥാപിക്കണമെന്ന് 2016-ലും 2018-ലും ദേശീയ ഹരിത ട്രൈബ്യൂണൽ ആവർത്തിച്ച് ഉത്തരവിട്ടിട്ടുണ്ട്. അത് നടപ്പാക്കാത്തതിന് കേരളം 2021 മുതൽ പ്രതിമാസം 10 ലക്ഷം രൂപ പിഴ അടയ്ക്കാനുള്ള ഉത്തരവ് നിലവിലുണ്ട് എന്നത് യു.ഡി.എഫ് മറക്കരുത്.
4. കേരള ഹൈക്കോടതിയുടെ കർശന ഇടപെടലുകൾ
2017-ൽ കേരള ഹൈക്കോടതി സ്വമേധയാ എടുത്ത (Suo Motu W.P. (C) No. 7261 of 2017) കേസിൽ, ആരാധനാലയങ്ങളിലെ അമിതമായ ശബ്ദമലിനീകരണം തടയുന്നതിനായി 2000-ലെ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിനോടും പോലീസിനോടും നിർദ്ദേശിച്ചു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം — ഏത് മതസ്ഥാപനത്തിനും ഈ നിയമം ഒരുപോലെ ബാധകമാണെന്ന് ഹൈക്കോടതി (W.A. No. 235 of 1993) വ്യക്തമാക്കിയിട്ടുള്ളതാണ്.
5. ആരാധനാലയങ്ങളിലെ കോളാന്പി
F1/97/1993/Home ഉത്തരവ് പ്രകാരം കേരളത്തിൽ ആരാധനാലയങ്ങളിൽ കോളാന്പി സ്പീക്കറുകളും അവയുടെ പരിഷ്കരിച്ച പതിപ്പുകളും നിരോധിച്ചിട്ടുണ്ട്. എന്നിട്ടും ഇന്നും കേരളത്തിൽ ഇവ ഉപയോഗിക്കപ്പെടുന്നു — ഇത് മാറിമാറിവന്ന സർക്കാരുകളുടെ പരാജയം കൂടിയാണ്. W.A. No. 235 of 1993 പ്രകാരം ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മതസ്ഥാപനങ്ങളിലെ കോളാന്പി അഴിച്ചുമാറ്റാൻ ഇതുവരെ യു.ഡി.എഫിനോ മറ്റ് ഭരണകൂടങ്ങൾക്കോ കഴിഞ്ഞിട്ടില്ല എന്ന സത്യം ഓർക്കണം.
കോടതികൾ ഇത്രത്തോളം കർശനമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഒരു വിഷയത്തിലാണ് യു.ഡി.എഫ് വോട്ട് നേടാൻ വേണ്ടി യാഥാർത്ഥ്യത്തിന് നിരക്കാത്ത വാഗ്ദാനങ്ങൾ നൽകുന്നത്.
ഭരണഘടനാ വിരുദ്ധത: പൗരന്റെ മൗലിക അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ (Right to Life) പരിധിയിൽ വരുന്നതാണ് സമാധാനപരമായി ഉറങ്ങാനും ശബ്ദമലിനീകരണമില്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കാനുമുള്ള അവകാശം എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ കാലത്ത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, രോഗികളുടെയും പ്രായമായവരുടെയും ആരോഗ്യം, പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളുടെ സംരക്ഷണം — ഇവയെല്ലാം പരിഗണിച്ചാണ് നിയമം രാത്രി കാലങ്ങളിൽ മൈക്ക് ഉപയോഗം പൂർണ്ണമായി നിരോധിച്ചിരിക്കുന്നത്.
അതോടൊപ്പം, ഭരണഘടനയുടെ ആർട്ടിക്കിൾ 51 A(g) പ്രകാരം പരിസ്ഥിതി സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും അടിസ്ഥാന കടമയാണ്. ഈ ഭരണഘടനാപരമായ അവകാശങ്ങളെയും കടമകളെയും കാറ്റിൽ പറത്തിക്കൊണ്ട്, കേവലം ചില വിഭാഗങ്ങളെ പ്രീതിപ്പെടുത്താൻ വേണ്ടി നിയമം മാറ്റിയെഴുതുമെന്ന് ഒരു ജനാധിപത്യ പ്രസ്ഥാനം തങ്ങളുടെ ഔദ്യോഗിക പ്രകടനപത്രികയിൽ പറയുന്നത് അങ്ങേയറ്റം അപലപനീയമാണ്.
ഉപസംഹാരം
യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തിലെയും ശ്രീ വി.ഡി. സതീശൻ നൽകിയ ഉറപ്പിലെയും നിയമപരമായ പൊരുത്തക്കേടുകൾ സുവ്യക്തമാണ്. തൊഴിൽ നഷ്ടപ്പെടുന്ന കലാകാരന്മാരുടെയും ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികളുടെയും ബുദ്ധിമുട്ടുകൾ അനുഭാവപൂർവ്വം പരിഗണിക്കപ്പെടേണ്ടത് തന്നെയാണ്. അതിന് അവർക്ക് സാമ്പത്തിക സഹായങ്ങളോ, അടച്ചുപൂട്ടിയ ഓഡിറ്റോറിയങ്ങളിൽ പരിപാടികൾ നടത്താനുള്ള സൗകര്യങ്ങളോ ഒരുക്കുകയാണ് വേണ്ടത്.
അല്ലാതെ, സുപ്രീം കോടതി വിധികളെയും കേന്ദ്ര നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്, ഭരണഘടനാ വിരുദ്ധമായ ഒരു വാഗ്ദാനം നൽകി അവരെ വീണ്ടും വഞ്ചിക്കുകയല്ല വേണ്ടത്. പൊതുസമൂഹവും പ്രബുദ്ധരായ വോട്ടർമാരും ഈ രാഷ്ട്രീയ കാപട്യവും വാഗ്ദാനത്തിലെ പൊള്ളത്തരവും തിരിച്ചറിയേണ്ടതുണ്ട്.
![]()