താഴേ തലം മുതൽ നിയമസഭാ കംപ്ലൈൻറ് അതോറിറ്റിവരെ; കത്തുകൾ, മറുപടികൾ, ഭരണപരാജയത്തിന്റെ ചിത്രം
✍ മനു എ.എസ്., Campaign Coordinator – Silence the Noise 📍 കൊല്ലം, കേരള | ഏപ്രിൽ 2026
ശബ്ദമലിനീകരണം കേവലമൊരു ശല്യമല്ല — അത് നമ്മുടെ ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്. ഉറങ്ങാനുള്ള അവകാശം, ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം — ഇവ ആർട്ടിക്കിൾ 21-ന്റെ ഭാഗമാണെന്ന് സുപ്രീം കോടതി ആവർത്തിച്ച് ഉറപ്പിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ, “Silence the Noise” കാമ്പയിൻ കോഓർഡിനേറ്ററായ ഞാൻ കേരള നിയമസഭാ കംപ്ലൈൻറ് അതോറിറ്റിക്ക്, ബഹു. സ്പീക്കർ വഴി ഒരു വിശദമായ പൊതുതാൽപര്യ നിവേദനം സമർപ്പിച്ചു. ഫെബ്രുവരി 18, 2026-ൽ നൽകിയ ഈ നിവേദനത്തിന് മാർച്ച് 25-ന് ലഭിച്ച ഔദ്യോഗിക മറുപടിയും, അതിനെ തുടർന്ന് ഏപ്രിൽ 3-ന് മുഖ്യമന്ത്രിക്ക് ഇതേവിഷയത്തിൽ നൽകിയ അടിയന്തര പരാതിയും ഇവിടെ പൂർണ്ണ രൂപത്തിൽ പ്രസിദ്ധീകരിക്കുന്നു.
ഈ മൂന്ന് രേഖകളും ഒരുമിച്ചു വായിക്കുമ്പോൾ ശബ്ദമലിനീകരണ നിയന്ത്രണ കാര്യത്തിൽ കേരളത്തിലെ ഭരണ-നിയമ വ്യർഥതയുടെ ആഴം തെളിഞ്ഞ് കാണാം.
ഭാഗം ഒന്ന്: താഴേ തലങ്ങളിലുള്ള പരാതികൾക്കൊടുവിൽ നിയമസഭാ പെറ്റീഷൻ സമിതിക്ക് മുന്നിൽ നിവേദനം
(18 ഫെബ്രുവരി 2026 · Committee on Petitions, Kerala Legislative Assembly)
📄 പൊതുതാൽപര്യ നിവേദനം 18.02.2026
സ്വീകർത്താവ്: ശ്രീ. എ.എൻ. ഷംസീർ, സ്പീക്കർ, കേരള നിയമസഭ
വിഷയം: ശബ്ദമലിനീകരണ (നിയന്ത്രണവും സംരക്ഷണവും) ചട്ടങ്ങൾ 2000, ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവുകൾ, സുപ്രീം കോടതി-ഹൈക്കോടതി ജുഡീഷ്യൽ നിർദ്ദേശങ്ങൾ എന്നിവ നടപ്പാക്കുന്നതിലെ വ്യവസ്ഥാപിത പരാജയം — നിയമനിർമ്മാണ മേൽനോട്ടം തേടുന്നു.
ബഹുമാനപ്പെട്ട സ്പീക്കർ സാർ,
ഇത് ഒരു വ്യക്തിപരമായ പരാതിയല്ല. പൊതുജനാരോഗ്യം, ഭരണഘടനാ മൗലികാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, പക്ഷപാത-രഹിതമായ ഏകീകൃത നിയമവാഴ്ച — ഇവ സംബന്ധിച്ച അടിയന്തര പൊതു ആശങ്കയാണ് ഇവിടെ ഉന്നയിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവുകൾ നടപ്പിലാക്കാതെ തടഞ്ഞുവച്ചിരിക്കുന്നത് കേരള ജനതയോട് ചെയ്യുന്ന ദ്രോഹമാണ്.
I. ഭരണഘടനാ-നിയമ അടിത്തറ
- ആർട്ടിക്കിൾ 21 — ജീവിക്കാനുള്ള അവകാശം: ഉറങ്ങാനുള്ള അവകാശവും നിശബ്ദതയ്ക്കുള്ള അവകാശവും ഇതിൽ ഉൾപ്പെടുന്നു — സുപ്രീം കോടതി ആവർത്തിച്ച് ഉറപ്പിച്ചതാണ്.
- ആർട്ടിക്കിൾ 14 — സമത്വാവകാശം: മതം, പ്രദേശം, സ്ഥാപനം നോക്കി നിയമം വ്യത്യസ്തമായി നടപ്പിലാക്കുന്നത് ഭരണഘടനാ ലംഘനമാണ്.
- ആർട്ടിക്കിൾ 19(1)(a) — ആവിഷ്കാര സ്വാതന്ത്ര്യം: ഇത് മറ്റൊരാളെ “നിർബന്ധ ശ്രോതാവ്” (Captive Listener) ആക്കാനുള്ള അനുമതിയല്ല — Kerala HC, WA No. 235/1993.
- ആർട്ടിക്കിൾ 25 — മതസ്വാതന്ത്ര്യം: പൊതു ക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയ്ക്ക് വ്യക്തമായി വിധേയം; ആരാധനയ്ക്ക് ഉച്ചഭാഷിണി ഉപയോഗം ഒരു മതവും നിർദ്ദേശിക്കുന്നില്ല.
II. ശബ്ദമലിനീകരണ ചട്ടങ്ങൾ 2000 — ലംഘിക്കപ്പെടുന്ന വ്യവസ്ഥകൾ
- ചട്ടം 5(1): ഉച്ചഭാഷിണി ഉപയോഗിക്കാൻ അധികൃതരുടെ മുൻകൂർ രേഖാമൂലമുള്ള അനുമതി നിർബന്ധം — ദൈനംദിനം അവഗണിക്കപ്പെടുന്നു.
- ചട്ടം 5(2): രാത്രി 10 മുതൽ രാവിലെ 6 വരെ തുറസ്സായ സ്ഥലത്ത് ഉച്ചഭാഷിണി ഉപയോഗം പൂർണ്ണ നിരോധനം.
- ചട്ടം 5(4): പൊതുസ്ഥലം: ഉപയോഗ സ്ഥലത്തിന്റെ അതിർത്തിയിൽ ആംബിയന്റ് നിലവാരത്തേക്കാൾ 10 dB(A) അധികമോ 75 dB(A)-യോ — ഏതാണ് കുറവ് അതു മാത്രമേ പാടുള്ളൂ.
- ചട്ടം 5(5): സ്വകാര്യ ഇടം: സ്വന്തം സ്ഥല അതിർത്തിക്കപ്പുറം ആംബിയന്റ് നിലവാരത്തേക്കാൾ 5 dB(A) അധികമാകരുത്.
- ചട്ടം 6: നിശബ്ദ മേഖലകൾ (Silence Zones): ആശുപത്രി, വിദ്യാലയം, കോടതി, ആരാധനാലയം എന്നിവയുടെ 100 മീറ്റർ ചുറ്റളവ് ഇന്ന് പ്രായോഗികതലത്തിൽ നിലവിലില്ല.
III. കോടതി വിധികൾ — ലംഘിക്കപ്പെടുന്ന ഉത്തരവുകൾ
- Church of God vs K.K.R. Majestic Colony (SC, 2000): ആരാധനയ്ക്ക് ഉച്ചഭാഷിണി ഉപയോഗം ഒരു മതവും നിർദ്ദേശിക്കുന്നില്ല; ശബ്ദ നിയമങ്ങൾ കർശനമായി നടപ്പിലാക്കൽ അധികൃതരുടെ കർത്തവ്യം.
- In Re: Noise Pollution (SC, 2005): ഉറങ്ങാനും നിശബ്ദതയ്ക്കും ഉള്ള അവകാശം ആർട്ടിക്കിൾ 21-ന്റെ ഭാഗം; നിയമ വിരുദ്ധ ഉപകരണങ്ങൾ പിടിച്ചെടുക്കൽ ഉറപ്പാക്കണം.
- Kerala HC, WA 235/1993: എല്ലാ മതസ്ഥാപനങ്ങളിലും ഏകീകൃതമായ ശബ്ദ-നിയമ നടപ്പാക്കൽ; ഫലമായി ഇറക്കിയ G.O.(P) No. 64/2002 ഇന്നും കടലാസ്സിൽ മാത്രം.
- Kerala HC, WA 3125/2001: നിശബ്ദ മേഖലകൾ തിരിക്കണം, ഉത്തരവിറക്കി ഇന്നും കടലാസ്സിൽ മാത്രം; ലൗഡ്സ്പീക്കർ അനുമതി DySP-ൽ കുറയാത്ത ഉദ്യോഗസ്ഥൻ മാത്രം നൽകണം.
IV. NGT ഉത്തരവുകളും KSPCB പിഴ വ്യവസ്ഥകളും
⚠ ദേശീയ ഹരിത ട്രൈബ്യുണലിൻറെ 512/2016, 681/2028 തുടങ്ങിയ ഉത്തരവുകൾ കേരളത്തിൽ നടപ്പിലാക്കാനായി വന്നിട്ടും നാളിന്നുവരെ നടപ്പാക്കാത്തതിനാൽ അധികാരികൾക്ക് പ്രതിമാസം 10 ലക്ഷം രൂപ പിഴ 2011 മുതൽ ഉണ്ട് എന്ന് രേഖകൾ മനസ്സിലാക്കി തരുന്പോഴും കേരള SPCB ചട്ട ലംഘനത്തിനുള്ള ഉടൻ പിഴ ഉത്തരവ് — No. PCB-HO-EE3-OA No-681-2018 (19.05.2021) നടപ്പിലാക്കാൻ കേരളം മടിക്കുന്നു.
അനുമതിയില്ലാത്ത, നിശബ്ദമേഖലയിൽ ഉപയോഗിക്കന്ന, ചട്ടം ലംഘിക്കന്ന, ഉച്ചഭാഷിണി / PA System സംബന്ധിച്ച പിഴകൾ:
- ₹10,000 പിഴ + ഉപകരണം കണ്ടുകെട്ടൽ
- ഡീസൽ ജനറേറ്റർ സെറ്റ്: ₹10,000 – ₹1,00,000 + Sealing
- പടക്കം: ₹1,000; Silence Zone-ൽ ₹3,000
- സംഘാടകർക്ക് ₹20,000 വരെ CPCB ഉത്തരവ് (2021): നടപ്പിലാക്കൽ പരാജയത്തിന് ബന്ധപ്പെട്ട SP-ക്ക് മാസം ₹10 ലക്ഷം നഷ്ടപരിഹാരം(ഈ ഉത്തരവ് നിലവിലുണ്ട്. ഒരിടത്തും ഫലപ്രദമായി നടപ്പിലാകുന്നില്ല.)
NGT നിയമം 2010-ന്റെ സെക്ഷൻ 26 പ്രകാരം NGT ഉത്തരവ് പാലിക്കാത്തതിന് 3 വർഷം തടവ് അല്ലെങ്കിൽ ₹10 കോടി വരെ പിഴ ഈടാക്കാം. സെക്ഷൻ 28 പ്രകാരം സർക്കാർ വകുപ്പ് ലംഘനങ്ങൾക്ക് വകുപ്പ് മേധാവി ക്രിമിനൽ ഉത്തരവാദിത്തം ഏൽക്കേണ്ടതാണ്.
V. നിവേദനത്തിലെ ആവശ്യങ്ങൾ (ചുരുക്കം)
- ശബ്ദ ചട്ടങ്ങളുടെ വ്യവസ്ഥാപിത ലംഘനം കുറിച്ച് നിയമസഭാ സമഗ്ര അന്വേഷണം.
- DGP, KSPCB, ജില്ലാ കളക്ടർമാർ, SP-മാർ എന്നിവരിൽ നിന്ന് വിശദ Compliance Report ആവശ്യപ്പെടുക.
- ചട്ടം 5(1), 5(2), 5(4), 5(5) — കർശന നടപ്പാക്കലിന് ആഭ്യന്തര വകുപ്പിന് നിർദ്ദേശം; സ്വന്തം സ്ഥലപരിധിക്ക് പുറത്ത് കേൾക്കുന്ന ഓരോ ശബ്ദവും കുറ്റകരം.
- ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്കും Health Inspector-മാർക്കും ശബ്ദമാപിനി നൽകി തൽക്ഷണ നടപടി അധികാരം നൽകണം. ഡിജിറ്റൽ ആപ്പുകൾ ഉപയോഗിക്കാൻ അനുവദിക്കണം.
- KSPCB പിഴ ഉത്തരവ് (2021) ഫലപ്രദമായി നടപ്പിലാക്കണം. ആംപ്ലിഫയർ, ഉച്ചഭാഷിണികളിൽ NGT ഉത്തരവ് പ്രകാരമുള്ള ശബ്ദ ലിമിറ്റർ സ്ഥാപിക്കണം.
- 2000-ന് മുൻപുള്ള, നിലവിലെ നിയമങ്ങളുമായി പൊരുത്തമില്ലാത്ത എല്ലാ G.O.-കളും ഉടൻ റദ്ദ്.
- നിർവ്വഹണ ഏജൻസികൾക്ക് ഏകീകൃത, അപ്ഡേറ്റഡ് Enforcement Circular ഇറക്കുക.
— മനു എ.എസ്., Silence the Noise
ഭാഗം രണ്ട്: നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക മറുപടി
(25 മാർച്ച് 2026 · KLS/****/2026-Petitions A4)
📬 ഔദ്യോഗിക മറുപടി 25.03.2026 · Kerala Legislative Assembly Secretariat
18.02.2026-ലെ ഹർജി കൈപ്പറ്റി. പ്രസ്തുത ഹർജി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിലേക്കായി പരിസ്ഥിതി, ആഭ്യന്തരം, ആരോഗ്യ-കുടുംബക്ഷേമം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സമിതിയുടെ തീരുമാനം അറിയിക്കുന്നതാണ്.
— K. Sw***than (സെക്രട്ടറിക്കുവേണ്ടി)
കുറിപ്പ്: 1993 ലെ കോളാന്പി നിരോധിച്ച ഉത്തരവ്, 2000 ലെ ചട്ടം, 2001 ലെ ഹൈക്കോടതി ഉത്തരവ്, 2000, 2005 ലെ സുപ്രീംകോടതി ഉത്തരവ്, 2016, 2018 ലെ ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവ് എന്നിവ ഉണ്ടായിട്ടും വർഷങ്ങളായി ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ പരാജയപ്പെട്ട അതേ നാല് വകുപ്പുകളോട് തന്നെ “റിപ്പോർട്ട് നൽകൂ” എന്ന് ആവശ്യപ്പെടുന്നത് — ഇതാണ് കേരളത്തിൽ ഇന്ന് “ഭരണം” എന്ന് വിളിക്കുന്നത്!
ഭാഗം മൂന്ന്: മുഖ്യമന്ത്രിക്ക് നൽകിയ അടിയന്തര പരാതി
ഉച്ചഭാഷിണി ശബ്ദമലിനീകരണം കേരളത്തിലെ പൊതു ഇടങ്ങളിലും താമസമേഖലകളിലും ഒരു പ്രതിസന്ധിയായി തുടരുന്ന സാഹചര്യത്തിലും, രഹസ്യമായി പരാതി നൽകാൻ ഉള്ള കാന്പയിൻ സംവിധാനത്തിലെ പാർട്ടിസിപ്പേഷൻ കൂടി വരുന്നതിനാലും, ടി വിഷയത്തിൽ സർക്കാർ മൌനം ഗുരുതരമായതിനാലും നിയമസഭാ സമിതി ഹർജി “4 വകുപ്പുകൾക്ക് ഫോർവേർഡ് ചെയ്ത”തോടെ ഉടൻ ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലും, ഏപ്രിൽ 3-ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നേരിട്ട് അടിയന്തര പരാതി നൽകി.
(3 ഏപ്രിൽ 2026 · ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം)
📄 മുഖ്യമന്ത്രിക്കുള്ള അടിയന്തര പരാതി 03.04.2026 · Government Secretariat
സ്വീകർത്താവ്: ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ
വിഷയം: ശബ്ദമലിനീകരണ ചട്ടം 2000-ഉം ബന്ധപ്പെട്ട കോടതി/സർക്കാർ ഉത്തരവുകളും നടപ്പിലാകാത്തതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട്.
സർ, “ശബ്ദമലിനീകരണ ചട്ടങ്ങൾ, 2000” കേരളത്തിൽ പ്രായോഗിക തലത്തിൽ നടപ്പിലാകുന്നില്ല. WA 3125/2001 കോടതി ഉത്തരവിന്റെ ഫലമായി ഇറക്കിയ G.O.(P) No. 64/2002 ഇരുപതിലേറെ വർഷം പിന്നിടുമ്പോഴും കടലാസ്സ് ഉത്തരവ് ആയി മാത്രം തുടരുന്നു. ഇത് ഒരു ഭരണ-ഘടനാ കോടതി ഉത്തരവ് വരെ കേവലം “കടലാസ്” ആകുന്ന ഭരണ പരാജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
“തുണ” (Thuna) ആപ്പ് — ഉദ്ദേശ്യം നന്ന്, ദുരുപയോഗം ഗുരുതരം
ലൗഡ്സ്പീക്കർ അനുമതി DySP-ൽ കുറയാത്ത ഉദ്യോഗസ്ഥൻ മാത്രം നൽകണം. എന്നാൽ ഇന്ന് കേരള പോലീസിന്റെ “തുണ” ആപ്പ് വഴി ഒരു Civil Police Officer (CPO) — ഒരു പരിശോധനയുമില്ലാതെ — ഈ അനുമതി നൽകുന്നു. ജനസൗഹൃദ ഡിജിറ്റൽ സേവനത്തിന് വേണ്ടി ഉദ്ദേശിക്കപ്പെട്ട ആപ്പ്, കോടതി ഉത്തരവ് Bypass ചെയ്യുന്ന വഴിയായി മാറി.
⚠ ഓടുന്ന വാഹനങ്ങളിലെ ലൗഡ്സ്പീക്കർ — ഒരു നിയമ വിശകലനം
- Motor Vehicles Act: Stage Carriage/Passenger vehicle-കൾക്ക് മാത്രം ഓടുന്ന വാഹനത്തിൽ ശബ്ദ സംവിധാനം അനുവദനീയം.
- ശബ്ദ ചട്ടങ്ങൾ: ഉടമ സ്ഥലപരിധിക്ക് പുറത്ത് ശബ്ദം പ്രവഹിപ്പിക്കൽ നിരോധിച്ചിരിക്കുന്നു. ഓടുന്ന വാഹനത്തിന് “സ്ഥലപരിധി” ഇല്ലേ ഇല്ല. പൊതുനിരത്തുകളും, പൊതു ഇടങ്ങളും വാഹനശബ്ദത്തിൻറ പരിധിയായി നിശ്ചയിക്കാനാകില്ല.
- DGP Notification U6-30380/2002: ഓടുന്ന വാഹനത്തിൽ ലൗഡ്സ്പീക്കർ ഉപയോഗം പൂർണ്ണ നിരോധനം.
- Silence Zones: ഏതൊരു പൊതു നിരത്ത് ഉപയോഗിക്കുകയാണെങ്കിലും ആശുപത്രി-വിദ്യാലയ-ആരാധനാലയ-കോടതി-പൊതു ഓഫീസ്-വനമേഖല 100 മീറ്റർ Silence Zone ഓടുന്ന വാഹനത്തിലെ ശബ്ദം ഒഴിവാക്കൽ ഭൗതികമായി അസാദ്ധ്യം.”തുണ” ആപ്പ് വഴി ഇത്തരം അനുമതികൾ ദൈനംദിനം നൽകുന്നുണ്ട്.
മുഖ്യമന്ത്രിയോട് ഉന്നയിക്കുന്ന അടിയന്തര ആവശ്യങ്ങൾ
- Zone Classification ഉടൻ നടപ്പിലാക്കുക – G.O.(P) No. 64/2002 പ്രകാരമുള്ള മേഖല തരംതിരിവ് ഔദ്യോഗികമായി ഉടൻ പ്രാബല്യത്തിൽ വരുത്തണം.
- “തുണ” ആപ്പ് പുനഃക്രമീകരണം – ലൗഡ്സ്പീക്കർ അനുമതി DySP തലത്തിൽ മാത്രം പരിമിതപ്പെടുത്തണം; CPO/SI/SHO തലത്തിലുള്ള അനുമതികൾ പൂര്ണമായി ഒഴിവാക്കണം.
- DySP നേരിട്ട് ഉത്തരവാദിത്തം ഉറപ്പാക്കുക – ചട്ടലംഘനങ്ങൾ DySP നേരിട്ട് നിരീക്ഷിച്ച് നടപടിയെടുക്കണം; ആവശ്യമായിടത്ത് ഉപകരണങ്ങൾ കണ്ടുകെട്ടൽ ഉൾപ്പെടെ ഉറപ്പാക്കണം. നേരിട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാൻ പറ്റുന്ന ഇടങ്ങളിൽ മാത്രം അനുമതികൾ നൽകണം. പൊതു ഇടങ്ങളിലും, ഓടുന്ന വാഹനങ്ങളിലും അനുമതി നിഷേധിക്കണം.
- ആഡിറ്റോറിയങ്ങളിലെ പരിപാടികൾ – കലാകരാൻമാരെയും, മറ്റ് സാംസ്കാരിക സംഘടനകളെയും ആഡിറ്റോറിയങ്ങളിൽ നടത്തുന്ന പരിടാകൾക്ക് ചട്ടം 5(2) ൻറെ പരിരക്ഷ ഉണ്ട് എന്ന് പറഞ്ഞ് മനസ്സിലാക്കണം. അത്തരം പരിപാടികൾ സ്ഥിരമായി നടക്കുന്ന സ്ഥാപനങ്ങൾ ക്ലോസ്ഡ് ആഡിറ്റോറിയം നിർമ്മിക്കാൻ ആവശ്യമായ എല്ലാ സഹായവും സർക്കാർ തലത്തിൽ ചെയ്ത് നൽകണം.
- Mobile Loudspeaker അനുമതികൾ റദ്ദാക്കുക – വാഹനങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ ലൗഡ്സ്പീക്കർ അനുമതികളും ഉടൻ അവസാനിപ്പിക്കണം.
- രാത്രി 10 മുതൽ രാവിലെ 6 വരെ Zero Tolerance – നിരോധ സമയ ലംഘനം കണ്ടെത്തിയാൽ ഉപകരണങ്ങൾ തൽക്ഷണം കണ്ടുകെട്ടുന്ന രീതിയിൽ കർശന നടപടി സ്വീകരിക്കണം.
- നിരോധിത ശബ്ദ ഉപകരണങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുക – 1993 ൽ നിരോധിച്ച കോളാമ്പി (Horn Type) ഉൾപ്പെടെയുള്ള നിരോധിത ഉപകരണങ്ങൾ ആരാധനാലയങ്ങളിലും ഉത്സവ വേദികളിലും നിന്ന് പിടിച്ചെടുക്കണം; പുതുമയായ ഹൈ-പ്രഷർ, ഹൈ-ഫ്രീക്വൻസി ഉപകരണങ്ങളുടെ ഉപയോഗവും പൂർണ്ണമായി തടയേണ്ടതും. ഉപയോഗിക്കുന്നവുരുടെ സ്ഥാപനങ്ങൾ റെയഡ് നടത്തി നിരോധിത ഉപകരണങ്ങളെല്ലാം പിടിച്ചെടുത്ത് നടപടി സ്വീകരിക്കുകയും വേണം.
- കെട്ടുകാഴ്ചകൾ നിയമവിധേയമായി നിയന്ത്രിക്കുക – The Kerala Public Ways (Restriction of Assemblies and Processions) Act, 2011 പാലിച്ച് മാത്രമേ പൊതു വഴികൾ ഉപയോഗിക്കാവൂ; Motor Vehicles Act Section 52 ലംഘിക്കുന്ന വാഹനങ്ങൾ ഈ ആവശ്യത്തിന് ഉപയോഗിക്കാതെ നിരോധിക്കണം.
- വൈദ്യുതി തടസ്സം ഒഴിവാക്കുക – Kerala Electricity Regulatory Commission നിർദ്ദേശങ്ങൾ പാലിച്ച് വൈകുന്നേരം 6ന് ശേഷം കെട്ടുകാഴ്ചകൾക്കായി വൈദ്യുതി തടസ്സം സൃഷ്ടിക്കുന്നത് KSEB ഒഴിവാക്കണം; ഉയരപരിധി പാലിച്ച് മാത്രമേ ലൈൻ ക്രമീകരണങ്ങൾ അനുവദിക്കാവൂ.
- കെട്ടുകാഴ്ചകളിലെ ശബ്ദമലിനീകരണം നിയന്ത്രിക്കുക – Motor Vehicles Act, Noise Pollution Rules എന്നിവ പാലിച്ച് ഉച്ചഭാഷിണി, ജനറേറ്റർ, ലൈറ്റിംഗ് സംവിധാനങ്ങൾ നിയമവിധേയമായി മാത്രം ഉപയോഗിക്കണം.
- DGP Standing Order പുറപ്പെടുവിക്കുക – Supreme Court of India-യും Kerala High Court-യും നൽകിയ വിധികൾ കർശനമായി നടപ്പിലാക്കുന്നതിനായി ഉടൻ Standing Order പുറപ്പെടുവിക്കണം.
- Bass Speaker (20 Hz-ൽ താഴെ) നിരോധിക്കുക – പൊതു ഇടങ്ങളിൽ ഇത്തരം സ്പീക്കറുകൾ നിരോധിക്കുകയും Closed Space-ൽ മാത്രം ഉപയോഗിക്കാനുള്ള നിർദ്ദേശം പുറപ്പെടുവിക്കുകയും വേണം.
— മനു എ.എസ്., Silence the Noise
ഭരണ പരാജയത്തിന്റെ ആഴം: ഒരു വിലയിരുത്തൽ
ഈ മൂന്ന് രേഖകളും ഒരുമിച്ചു വായിക്കുമ്പോൾ കാണുന്നത് ഒരു ഭരണ-നിയമ ശൃംഖലയുടെ ക്രമബദ്ധമായ തകർച്ചയാണ്.
- 📌 ഏറ്റവും വലിയ വൈരുദ്ധ്യം — സാങ്കേതികവിദ്യയുടെ ദുരുപയോഗം: ഉന്നത കോടതി ഉത്തരവ് DySP-ൽ കേന്ദ്രീകരിച്ച അധികാരം “ജനസൗഹൃദ ഡിജിറ്റൽ സേവനം” എന്ന പേരിൽ CPO വരെ ആക്കി നടപ്പിലാക്കുന്നു. “തുണ” ആപ്പ് ഭരണ സൗകര്യ ഉപകരണം ആകേണ്ടതിന് പകരം കോടതി ഉത്തരവ് Bypass ചെയ്യുന്ന എളുപ്പ വഴി ആയി മാറി. 111/2002 ഉത്തരവ് പരിഗണിക്കുന്നേയില്ല.
- ⚠ ഇരുപത് വർഷം — ഈ വിഷയത്തിലെ ഒരൊറ്റ G.O. പോലും ഫലപ്രദമായില്ല: ഭരണഘടനാ കോടതി ഉത്തരവിന്റെ (WA 3125/2001) നേരിട്ടുള്ള ഫലമായി ഇറങ്ങിയ G.O.(P) No. 64/2002 ഇരുപതിലേറെ വർഷം കഴിഞ്ഞിട്ടും “കടലാസ്” ആണ്. ഇതേ ഗതി G.O.(MS) No. 06/2015/Envt-നും മറ്റ് അനേകം G.O. കൾക്കും.
- കാലതാമസ തന്ത്രം: നിയമസഭാ പെറ്റിഷൻ കമ്മിറ്റി ആദ്യ നടപടി “4 വകുപ്പുകൾക്ക് ഫോർവേർഡ് ചെയ്ത” കത്ത് ഇറക്കി. ഈ 4 വകുപ്പുകൾ തന്നെ ആണ് ഇതുവരെ ഇക്കാര്യം നടപ്പിലാക്കാൻ പരാജയപ്പെട്ടത്. ഇത് “Delay Strategy” ആണ്, പ്രതിവിധിയല്ല.
- ഓടുന്ന വാഹനങ്ങളിലെ തട്ടിപ്പ്: “ഓടുന്ന ഒരു വാഹനത്തിന് ‘സ്ഥലപരിധി’ എന്ന സങ്കൽപ്പം ഇല്ലേ ഇല്ല. അതിനാൽ ഓടുന്ന വാഹനത്തിലെ ഒരു ലൗഡ്സ്പീക്കറിനും ‘അതിർത്തിക്കുള്ളിൽ’ നിൽക്കാൻ ഭൗതിക സാദ്ധ്യതയേ ഇല്ല. ഈ അനുമതി തന്നെ നിയമ-വിരുദ്ധമാണ്.”
2026 ഇലക്ഷൻ: പുതിയ സർക്കാരിനോടുള്ള ജനങ്ങളുടെ ആവശ്യം
2026 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വരുന്ന സർക്കാർ ഈ വിഷയം ഭരണ പരിഷ്കാര അജണ്ടയിൽ ഒന്നാം ഇനമായി ഉൾപ്പെടുത്തണം:
- “തുണ” ആപ്പ് DySP ലെവൽ Approval ഉറപ്പ് വരുത്തും വിധം പുനഃക്രമീകരിക്കുക.
- ചട്ടം ലംഘിക്കുന്ന Mobile PA System അനുമതി ഉടൻ പൂർണ്ണ നിരോധനം.
- ലംഘനം ഒത്താശ ചെയ്യുന്ന പോലീസ്-LSG ഉദ്യോഗസ്ഥർക്ക് വകുപ്പ് നടപടി; Health Inspector-മാർക്ക് മൊബൈൽ ഡസിബൽ മീറ്റർ, ശബ്ദനിയന്ത്രണത്തിന് പ്രത്യേക അധികാരം.
- Horn Type Speakers, 20 Hz-ൽ കുറഞ്ഞ Bass Speakers — പൊതു ഇടങ്ങളിൽ പൂർണ്ണ നിരോധനം.
- NGT ഉത്തരവിൻറെ പൂർണ്ണ നടപ്പിലാക്കൽ
- DGP Standing Order ഉടൻ; SC-HC വിധികൾ കർശന നടപ്പ്.
ആർട്ടിക്കിൾ 21 ഉറപ്പ് നൽകുന്ന ഉറങ്ങാനുള്ള അവകാശം, ശാന്തമായ ജീവിതത്തിനുള്ള അവകാശം, ആർട്ടിക്കിൾ 51A(g) പ്രകാരം പരിസ്ഥിതി സംരക്ഷിക്കാനുള്ള അവകാശം — ഇവ “ഫയൽ നടപടി” കൊണ്ടോ “കമ്മിറ്റി ഫോർവേർഡ്” കൊണ്ടോ ആർക്കും തടഞ്ഞ് നിർത്തരുത്. ആക്ഷൻ ഇപ്പോൾ വേണം.
💬 ഈ വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം എന്താണ്? താഴെ കമന്റ് ചെയ്യൂ — ജനശബ്ദം ഉച്ചത്തിൽ ഉയരട്ടെ.
![]()